Tue. Nov 19th, 2019

“ക്യാൻസർ അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്”, ഡോ ചന്ദ്രമോഹൻ

ഒന്നോ രണ്ടോ തലമുറകൾക്കു മുൻപ് കേട്ടുകേൾവി പോലുമില്ലാത്തതും, എന്നാൽ ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നതുമായ ഒരു രോഗമാണ് ക്യാൻസർ. ക്യാൻസർ ബാധിതരുടെ എണ്ണം നമ്മുടെ ഇടയിൽ ക്രമാതീതമായി വർദ്ധിച്ചു വരുകയാണ്. ചെറിയൊരു കാലയളവു കൊണ്ട് ക്യാൻസർ രോഗത്തിന്റെ സാധ്യത ഇത്രയുമധികം വർദ്ധിച്ചതിന് എന്തായിരിക്കും കാരണം?

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ അഡീഷണൽ പ്രൊഫസറും, സ്വസ്തി സൗഖ്യയുടെ ചെയർമാനുമായ ഡോ.കെ.ചന്ദ്രമോഹന് ഈ വിഷയത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നു വായിക്കാം.

          ഡോ.കെ.ചന്ദ്രമോഹന്‍

“ജനിതക ഘടനയിലുണ്ടാകുന്ന വ്യത്യാസം കാരണം കോശങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും, അത് ക്രമേണ വലുതായി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളരുകയും ചെയ്യുന്ന പ്രതിഭാസമാണ് കാന്‍സര്‍. നമ്മുടെ ജീവിത ശൈലിയിലും, ചുറ്റുപാടിലുമുള്ള മാറ്റങ്ങളും, ചില രോഗാണു ബാധകളും, മറ്റു ചില അസുഖങ്ങളും ഉൾപ്പെടെ പല തരം കാരണങ്ങളിലൂടെയാണ് ക്യാൻസർ ഉണ്ടാകുന്നത്. കാന്‍സറിനെ നമുക്ക് ജനറ്റിക്, സ്‌പൊറാഡിക് എന്നിങ്ങനെ പ്രധാനമായും രണ്ടായി തിരിക്കാം. പാരമ്പര്യമായി വരുന്ന ക്യാന്‍സറാണ് ‘ജനറ്റിക് കാന്‍സര്‍’. ഇത്തരം ക്യാൻസർ ബാധിക്കുന്നവരുടെ അച്ഛനമ്മമാർക്കോ, സഹോദരങ്ങള്‍ക്കോ, മറ്റു ബന്ധുക്കള്‍ക്കോ സമാനമായതോ, അല്ലെങ്കിൽ വ്യത്യസ്തമായതോ ആയ ക്യാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്. സമൂഹത്തിലെ 5 മുതല്‍ 10 ശതമാനം വരെ കാന്‍സര്‍ രോഗികളും ‘ജനറ്റിക് ക്യാൻസർ’ എന്ന വിഭാഗത്തിൽ പെടുന്നവരാണ്. ബാക്കി 90 ശതമാനാവും ‘സ്‌പൊറാഡിക്’ അഥവാ സ്വാഭാവികമായോ, പാരമ്പര്യത്തിലൂടെ അല്ലാതെയോ ഉണ്ടാകുന്നവയാണ്. ഒരു വ്യക്തിയിൽ സ്വയമുണ്ടാകുന്ന വ്യതിയാനങ്ങളാണ് ‘സ്‌പൊറാഡിക്’ ക്യാൻസറിന് കാരണമാകുന്നത്.

നമ്മുടെ ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാനമായും ക്യാൻസറിലേക്ക് വഴി തെളിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം,

1. ഭക്ഷണം :- നാം കഴിക്കുന്ന ഭക്ഷണത്തിലടങ്ങിയ മാലിന്യങ്ങൾ, വിഷപദാർത്ഥങ്ങൾ തുടങ്ങിയവ നമ്മുടെ ശരീരത്തിന്റെ ജനിതകഘടനയിൽ തകരാര്‍ ഉണ്ടാക്കുകയും അത് ക്യാന്‍സറിലേക്ക് വഴി തെളിക്കുകയും ചെയ്യുന്നു. അമിതമായി മാംസം കഴിക്കുക, മാംസം പാചകം ചെയ്യുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക, കീടനാശിനി തളിച്ച പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കുക തുടങ്ങിയവെല്ലാം തന്നെ ക്യാൻസറിന് കാരണമാകുന്നു. കടലില്‍ നിന്നും കിട്ടുന്ന മത്സ്യം തികച്ചും ശുദ്ധമാണെന്ന ഒരു ചിന്തയിലായിരുന്നു നാം ഇതുവരെയും. പക്ഷെ സമുദ്ര മലിനീകരണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഹെവി മെറ്റല്‍സ് അവയെ ഭക്ഷ്യയോഗ്യമല്ലാതാക്കി തീർക്കുന്നു. അതിനു പുറമേ ഭക്ഷണപദാര്‍ത്ഥങ്ങൾ കേടുകൂടാതിരിക്കാന്‍ വേണ്ടി ഇക്കാലത്ത് ധാരാളമായി ഉപയോഗിച്ചു വരുന്ന രാസപദാർത്ഥങ്ങളും ക്യാൻസറിലേക്കാണ് പാതയൊരുക്കുന്നത്.

2.വ്യായാമത്തിന്റെ അഭാവം:- നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരീര വ്യായാമം എന്നത്. ശരിയായ രീതിയിൽ വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയുകയും, ഹോര്‍മോണ്‍ സംബന്ധമായ കുഴപ്പങ്ങൾ ഒഴിവാകുകയും, അതിലൂടെ സ്തനാർബുദം, ഓവറിയിലെ കാന്‍സര്‍, കുടലിലുള്ള കാന്‍സര്‍ തുടങ്ങിയവയൊക്കെ തീർത്തും വഴിമാറാനുമുള്ള സാധ്യതയുണ്ട്.

3.കുടുംബപരമായ കാരണങ്ങൾ:- ഈ അടുത്ത കാലത്തായി കേരളത്തില്‍ സ്തനാര്‍ബുദ ബാധിതരായവരുടെ എണ്ണം കൂടി വരുകയാണ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലൈംഗിക വിഷയത്തിലുള്ള തെറ്റായ സമീപനങ്ങളും, ജീവിതത്തിൽ സംഭവിക്കുന്ന ചില കുടുംബപരമായ മാറ്റങ്ങളുമാണ്. കല്ല്യാണം കഴിക്കുന്നതിനുള്ള കാലതാമസം, കുട്ടികള്‍ ഉണ്ടാകാതിരിക്കുക, കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കാതിരിക്കുക, പെണ്‍കുട്ടികള്‍ പ്രായപൂർത്തിയാകുന്നതിലുള്ള കാലതാമസം, വളരെ നേരത്തെ തന്നെ മാസമുറ നിലയ്ക്കുക തുടങ്ങിയവയൊക്കെ സ്തനാർബുദത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

4.ശീലങ്ങള്‍ :- പുകവലി, മറ്റു രീതിയിലുള്ള പുകയിലയുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കുന്നവയാണ്. അമിതമായ പുകവലി കാരണം ഒരുപാട് ആളുകളിൽ കാന്‍സര്‍ കണ്ടുവരുന്നുണ്ട്. ശ്വാസകോശത്തിലെ ക്യാൻസർ, അന്നനാളത്തിലെ കാന്‍സര്‍ തുടങ്ങി പലതിനും പുകവലി കാരണമാകുന്നു. അതുപോലെ, കരൾ, കുടൽ, ആമാശയം എന്നിവയിലുണ്ടാകുന്ന ക്യാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണ്. ഓരോ തലമുറ കഴിയുംതോറും പുകവലി എന്ന ദുഃശീലം കൂടി വരുന്നതായാണ് കാണാൻ കഴിയുന്നത്. മാത്രമല്ല, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളിൽ ഇത് കൂടുതലായി കാണപ്പെടുമ്പോൾ ആ വിഷയത്തിലെ തീവ്രത എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

4.പരിസര മലിനീകരണം :- പരിസര മലിനീകരണത്തിന്റെ ഭാഗമായി ഭൗമ താപനില ഉയരുന്നതും, ഓസോൺ പാളികളുടെ നാശവും, സൂര്യരശ്മിയിലെ ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഒക്കെ നമ്മുടെ ശരീരത്തിന്റെ ജനിതക ഘടനയിൽ മാറ്റമുണ്ടാകുന്നതിനും അതിലൂടെ ക്യാൻസർ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. പരിസരം മലിനമാകുന്നതിലൂടെ, നേരിട്ടല്ലാതെ പോലും പല തരം വിഷമയമായ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിലെത്തുന്നു. പ്ലാസ്റ്റിക് പോലുള്ള പദാർത്ഥങ്ങൾ കത്തിക്കുന്നതിലൂടെ ഉള്ളിലേക്ക് കയറുന്ന പുക ഏറ്റവും മാരകമാണ്‌. ഇവയെല്ലാം തന്നെ ക്യാൻസർ സൃഷ്ടിക്കപ്പെടാനുള്ള കാരണങ്ങളാണ്.

സമൂഹത്തിലെ ഉത്തരവാദിത്വപ്പെട്ട പൗരന്മാരെന്ന നിലയിൽ നമുക്ക് ക്യാൻസറിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്താൻ കഴിയുന്നതാണ്. പ്രധാനമായും നമ്മുടെ ഭക്ഷണക്രമം നാം തന്നെ തിരുത്തി എഴുതേണ്ടിയിരിക്കുന്നു. അമിതമായി മാംസം ഭക്ഷിക്കുക, എണ്ണയുടെ പുനഃരുപയോഗം, വൃത്തിഹീനമായ അന്തരീക്ഷത്തിൽ പക്ഷം തയ്യാറാക്കുക, അമിതമായ സംരക്ഷണോപാധികൾ ഉപയോഗിക്കുക തുടങ്ങി പലതും കർശനമായി നിയന്ത്രിക്കേണ്ടതാണ്. നമ്മുടെ ആഹാരപ്രക്രിയയിൽ പരമാവധി, രാസപദാർത്ഥങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ കൃഷി ചെയ്യപ്പെടുന്ന ശുദ്ധമായ പഴങ്ങളും, പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതാണ്. അനുവദിച്ചിട്ടുള്ള അളവിൽ മാത്രം മാംസങ്ങളും, പച്ചക്കറികളും, കാർബോഹൈഡ്രേറ്റും കൃത്യമായി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടാൽ അതിലൂടെ ക്യാൻസർ എന്നല്ല എല്ലാ അസുഖങ്ങൾക്കും പരിഹാരമുണ്ടാകുന്നതാണ്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ഇത്തരം ആഹാര പ്രക്രിയകൾ സഹായിക്കുന്നു.

വീടുകളിൽ അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഷമയമല്ലാത്ത പച്ചക്കറികൾ അടുക്കളയിലെത്താനുള്ള സാധ്യത നമുക്ക് ഉറപ്പു വരുത്താവുന്നതാണ്. നിവൃത്തിയില്ലാതെ പുറമേ നിന്നും പച്ചക്കറികൾ വാങ്ങേണ്ടി വന്നാൽ, അത് വൃത്തിയായി കഴുകി, ശുദ്ധത ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പാചകം ചെയ്യാൻ ഉപയോഗിക്കാവൂ. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയവ കർശനമായും ഒഴിവാക്കേണ്ടതാണ്. അതിനുള്ള നടപടികൾ സമൂഹത്തിലെ പൗരന്മാർ ഏറ്റെടുത്ത്, അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തണം.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!