Tue. Oct 22nd, 2019

നന്മ മനസ്സുകള്‍ക്ക് താങ്ങും തണലുമായി സ്വസ്തി ഫൗണ്ടേഷനും എസ്.എന്‍.ഗ്‌ളോബല്‍ മിഷനും

മനുഷ്യരായ നാമെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയെന്നത് എപ്പോഴും ഓര്‍ക്കുന്ന ഒരു വിഭാഗം 365 ദിവസവും മനുഷ്യസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുവാനും ഈ ആദര്‍ശം പ്രാവര്‍ത്തികമാക്കുവാനും ശ്രദ്ധിച്ച് നമ്മുടെ മനുഷ്യത്വത്തിന്റെ മാറ്റു കൂട്ടുക എന്നത് സ്വപ്നമല്ല യാഥാര്‍ത്ഥ്യമാണ് എന്ന് നമുക്ക് മുന്‍പില്‍ കാണിച്ചു തരുന്നത് ഒരു കൂട്ടം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സംഘമാണ്.

കാരുണ്യമില്ലാതെ സഹജീവികളോട് പെരുമാറുന്ന ഈ കാലഘട്ടത്തില്‍, മറ്റുള്ളവരോട് കാരുണ്യം കാട്ടിയാല്‍ അതുവഴി വലിയ നഷ്ടമുണ്ടാകും എന്നു കരുതുന്ന ഒരു സമൂഹത്തിന്റെ നേരെ നഷ്ടത്തെക്കാള്‍ പതിന്‍മടങ്ങ് ലാഭമാണ് ഉണ്ടാകുന്നത് എന്ന് ഇവര്‍ നമുക്ക് കാണിച്ചു തരുന്നു.

കഴിഞ്ഞ 8 വര്‍ഷക്കാലമായ തിരു.ആര്‍.സി.സി.യിലേക്കും മറ്റു ആശുപത്രികളിലേക്കും സൗജന്യമായി യാത്ര സഹായങ്ങള്‍ നല്‍കി വരുന്ന പേട്ട പള്ളിമുക്ക് സ്റ്റാന്റിലെ ജനമൈത്രി കൂട്ടായ്മ ട്രസ്റ്റിലെ 22 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും മറ്റ് സ്റ്റാന്റുകളിലെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കം സമൂഹത്തിന് മാതൃകാപരമായ സേവനം കാഴ്ച്ചവയ്ക്കുന്ന 25 ഓട്ടോറിക്ഷ തോഴിലാളികളാണ് ഈ പുണ്യ പ്രവര്‍ത്തി ചെയ്യുന്നത്.

തങ്ങളുടെ നിതൃവൃത്തിക്കായി കഷ്ടപ്പെടുമ്പോള്‍ ചില ദിവസങ്ങളില്‍ കാലിപ്പഴ്‌സുമായാണ് അവര്‍ ഭവനങ്ങളിലേക്ക് മടങ്ങുന്നത്. പക്ഷെ ജീവിതത്തെ സമഗ്രമായി വീക്ഷിക്കുന്നവരാണിവര്‍. ലാഭനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തുന്നവര്‍ക്ക് സ്വന്തം കാരുണ്യവും ഔദാര്യവുമൊക്കെ തങ്ങള്‍ക്ക് നേടിത്തരുന്ന നേട്ടങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാകില്ല എന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ 8 വര്‍ഷക്കാലമായി സ്വന്തം കാര്യങ്ങള്‍ നോക്കാതെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ മുന്‍തൂക്കം നല്‍കുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ കൊണ്ട് മാത്രമാണ് ഈ തൊഴില്‍ ഇവര്‍ സ്വീകരിച്ചത്. പക്ഷെ പണമല്ല ആത്മ സംതൃപ്തി നേടിത്തരുന്നത് എന്ന് ഇവര്‍ സമൂഹത്തിന് കാണിച്ചുകൊടുക്കുന്നു. ഇവരെ എല്ലാവരും എല്ലാ വര്‍ഷവും പലയിടങ്ങളില്‍ ആദരിക്കാറുണ്ട്. എന്നാല്‍ സ്വസ്തി ഫൗണ്ടേഷന്‍ ഇവരില്‍ കണ്ട നന്മയെ തിരിച്ചറിഞ്ഞ് ഇവരുമായി സംസാരിച്ചു. സ്വസ്തി ഫൗണ്ടേഷന്റെ നട്ടെല്ലായ സ്വസ്തി സൗഖ്യ, ഒരു കൂട്ടം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതിരൂപങ്ങളായ സമൂഹത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാരും, എസ്.എന്‍.ഗ്‌ളോബല്‍ മിഷനിലെ ഡോക്ടര്‍മാരും പറഞ്ഞു. ഇവര്‍ക്ക് ആദരവും അംഗീകാരവും അതിലപ്പുറം വേണ്ടത് ഇവര്‍ക്ക് ആരോഗ്യമാണ് വേണ്ടത്. ഇവരാണ് സമൂഹത്തില്‍ ചെറുപ്പക്കാരുടെ മാതൃക ഇവരില്‍ നിന്നാണ് രാഷ്ട്ര പുനര്‍നിര്‍മ്മാണം തുടങ്ങേണ്ടത്. അതുകൊണ്ട് ഇവരുടെ ആരോഗ്യ സംരംക്ഷണം ഞങ്ങള്‍ ഏറ്റെടുക്കുന്നു. അങ്ങനെ സ്വസ്തി ഫൗണ്ടേഷനും എസ്.എന്‍.ഗ്‌ളോബല്‍ മിഷനും കാരുണ്യത്തിന്റെ പ്രതീകങ്ങളായ ഈ 25 പേരുടെ ആരോഗ്യ സംരക്ഷണം ഏറ്റെടുക്കുകയുണ്ടായി. നാം മറ്റുള്ളവരോട് കാരുണ്യം കാണിച്ചാല്‍ നമുക്ക് കാരുണ്യം ലഭിക്കും എന്നുള്ള തത്വം ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണ്.

സുരേഷ് കുമാര്‍, വിനീത്.ജെ, ഉണ്ണി എസ്.എസ്, ശ്രീകാന്ത് ചന്ദ്രന്‍ സി.ആര്‍, മനോജ് കുമാര്‍.വി, രാധാകൃഷ്ണന്‍.വി, രാജന്‍ എസ്, ബിജു രാജ് പി, എല്‍ രാജേന്ദ്രന്‍, സന്തോഷ് കുമാര്‍ ആര്‍, സേതു കുമാര്‍ എന്‍, ശിവകുമാര്‍ വി, എല്‍ രവികുമാര്‍, ഹരിദാസ് കെ, ഫെലിക്‌സ് ജോണ്‍, സജു എസ്, അനില്‍കുമാര്‍ എസ് എസ്, ശിവന്‍കുട്ടി ബി, അനില്‍കുമാര്‍ എം, മോഹന കുമാര്‍ എം, ബാലചന്ദ്രന്‍ എസ്, പി അബ്ദുല്‍ റഷീദ്, ശ്രീകണ്ഠന്‍ നായര്‍, ഫ്രാന്‍സിസ് സി.ജെ, സുനില്‍ കുമാര്‍ എം.പി. എന്നിവരാണ് ഈ പുണ്യാത്മാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!